Monday, September 19, 2011





തലക്കെട്ടിന്‍റെ തലക്കനമേ..

തലക്കെട്ടെഴുത്ത് അത്ര എളുപ്പമുള്ള പണിയാണോ? ചിലപ്പോള്‍ ആയിരിക്കാം.. ചിലപ്പോള്‍ അല്ലായിരിക്കാം..എന്തായാലും തലക്കെട്ടിനൊരു തലക്കനമുണ്ട്. രണ്ട് വാക്കായാലും രണ്ടര വാചകമായാലും വാചകമടിക്കാതെ നട്ടെല്ലു വിരിച്ചു തലപ്പത്തേ നില്‍ക്കുന്നവനല്ലേ, ഗമ കാണാതെയിരിക്കുമോ!

എഴുത്താശ്വാസം

ആദ്യാക്ഷരം കുറിച്ചത് ആദ്യം മനസ്സിലായിരുന്നു. എഴുത്തിനിരുന്ന ദിവസം ഞാനിന്നുമോര്‍ക്കുന്നു. അത് അഞ്ചാം വയസ്സിലായിരുന്നു. വിരലുറയ്ക്കട്ടെ, എന്നിട്ടെഴുതിക്കാം എന്ന തീരുമാനം അച്ഛന്‍റേതായിരുന്നു. കാണുന്നിടത്തൊക്കെ കുത്തിവരച്ച് അവളങ്ങ് അക്ഷരത്തോട് കൊതിക്കട്ടെ എന്നായിരുന്നു ന്യായം. അങ്ങനെ അക്ഷരത്തോട് കൊതിപിടിച്ച് ആദ്യമായി എഴുതാന്‍ ചെന്നു നിന്ന ദിവസം ആരാണ് മറക്കുക!
അങ്ങനെ, അന്നുമുഴുവനും പിന്നീടുള്ള കുറേദിവസങ്ങളിലും ഞാന്‍ കൊതിപിടിച്ച് കാണുന്നിടത്തൊക്കെ എഴുതിയും വരച്ചും നടന്നു.
പിന്നീട് അച്ഛന്‍ വായിക്കുന്ന പുസ്തകങ്ങളിലായി താല്പര്യം. കഥ പറഞ്ഞു തരുന്നവരുടെ സൌകര്യത്തിനു കാത്തുനില്ക്കാന്‍ ക്ഷമ നശിച്ചപ്പോള്‍ തന്നെ വായിക്കാനായി ശ്രമം.
പിന്നീട് കഥപറഞ്ഞു നടന്ന കാലത്ത്
"നിനക്കെഴുതി വച്ചൂടെ, അച്ഛന്‍ സമയം കിട്ടുമ്പോള്‍ വായിച്ചോളാമെന്നു പറഞ്ഞ് എഴുത്തിലേക്ക് ക്ഷണിച്ചതും അച്ഛനാണ്. അങ്ങനെ ആദ്യമാദ്യം അച്ഛനെ വായിപ്പിക്കാന്‍ എഴുതിത്തുടങ്ങി.
പിന്നെപ്പിന്നെ, സ്വയം വായിച്ചു തിരുത്തിയും മനസ്സിലൊരു എഴുത്തു പുരയുണ്ടാക്കി.
എഴുത്തിന്‍റെ ലോകം തേടി നടന്ന യാത്രയില്‍ മലയാളത്തില്‍ ബിരുദമെടുത്തു. പരസ്യത്തിനു വേണ്ടി എഴുതി.
കാര്യവട്ടം കാമ്പസില്‍ കമ്മ്യൂണിക്കേഷന്‍ ആന്‍റ് ജേണലിസം പഠിക്കാന്‍ ചെന്നപ്പോള്‍ പത്രമെഴുത്തുമായി..
...അവസാന ശ്വാസം വരെ എഴുത്തിലും വായനയിലും ചുറ്റിത്തിരിയാനായെങ്കില്‍..